ഒരുപാട് അകലെ ആയിരുന്നു ഞാന്‍.. ഒരുപാട്.. ഒന്ന് ഓര്‍ത്തെടുക്കുവാന്‍ പോലും കഴിയാത്ര അത്ര അകലെ.. ഒരു തിരിച്ചുവരവിനു മനസ്സ് തീവ്രമായി ആഗ്രഹിച്ചിട്ടും, കഴിഞ്ഞിരുന്നില്ല.. ആ അകലങ്ങളില്‍ എനിക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. ആരും കാത്തുനില്‍ക്കുവാനും.. എന്നിട്ടും ആ അകലങ്ങളെ ഞാന്‍ ഒരുപാട് സ്നേഹിച്ചു.. കാരണം ആ അകലങ്ങളില്‍ ആയിരുന്നു നിന്‍റെ സാമീപ്യം ഞാന്‍ ഏറ്റവും കൂടുതല്‍ അറിഞ്ഞതും.. അവിടെ എന്‍റെ കൂട്ട്, നിനക്ക് ഏറ്റവും പ്രിയപ്പെട്ട നുസ്രറ്റ് ഫത്തേ അലി ഖാന്‍റെയും ആബിദാ പര്‍വീന്‍റെയും സൂഫി സംഗീതം ആയിരുന്നു.. വാക്കുകളാല്‍ വര്‍ണിക്കുവാന്‍ കഴിയാത്ത ആ സ്വരമാധുരിയില്‍ ആ അനുഗ്രഹീത ഗായകര്‍ പാടിയ മസ്ത് കലന്ദരിലും, കിന്നാ സോനയിലും ഞാന്‍ എന്നെ തന്നെ നഷ്ടപ്പെടുത്തുകയായിരുന്നു.. ഞാന്‍ വിരഹ ഗാനങ്ങള്‍ ഇഷ്ടപെട്ടിരുന്നില്ല.. കാരണം എനിക്ക് ഒരിക്കലും വിരഹം അനുഭവപ്പെട്ടിരുന്നില്ല.. ഏകാന്തതയെ സ്നേഹിക്കുവാന്‍ എന്നെ പഠിപ്പിച്ചത് നീ തന്നെ ആയിരുന്നല്ലോ.. സ്വപ്നങ്ങളില്‍ മുഴുകുവാന്‍ നീ എന്നെ അനുവദിച്ചിരുന്നുമില്ല.. കയ്പ്പു നിറഞ്ഞതാണെങ്കിലും സ്വപ്നങ്ങളേക്കാല്‍ മനോഹരമാണു ഈ യാഥാര്‍ത്ഥ്യം എന്ന് നീ എന്നും പറയുമായിരുന്നു.. നമ്മുടെ പ്രണയം ഒരു പൈങ്കിളികഥ പോലെ ഓര്‍ത്തുവയ്ക്കുവാന്‍ കഴിയുന്ന ഒന്നാകരുത് എന്ന് നിനക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പൈന്‍ മരങ്ങളോ, സുന്ദര സായ്ഹാനങ്ങളോ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരുന്നുമില്ല.. നീ ഇനി കൂടെ ഇല്ല എന്ന സത്യം ഞാന്‍ ഉള്‍കൊണ്ടു. പക്ഷെ എല്ലാ പ്രണയിതാക്കളും അവരുടെ ഓര്‍മകളെ താലോലിക്കുന്നതു കാണുമ്പോള്‍ ഞാന്‍ എന്നോടു തന്നെ ചോദിക്കുകയായിരുന്നു; "ഇനി എന്‍റെ ഏതു ഓര്‍മകളെ ഞാന്‍ തിരയണം എന്നു "...
No comments:
Post a Comment